Wednesday, May 14, 2008

ശിവന്‍ ചേട്ടന്‍


പേരു സദാശിവന്‍, നാട്ടുകാരും വീട്ടുകാരും ശിവന്‍ എന്ന് വിളിക്കും,  കിളികുത്തെ നിത്യസാന്നിധ്യമാണ്. ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ എത്രത്തോളം പ്രൊഫഷനലിസം കൊണ്ടുവരാം എന്നതിന്‍റെ  ഉത്തമ മാതൃക ആണ് ശിവന്‍ ചേട്ടന്‍റെ  പലചരക്ക് കട. മാനേജ്മെന്‍റ്   വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ പത്തോ പന്ത്രണ്ടോ ദിവസം സഹായി ആയി കൂടാവുന്നതാണ്, ഗുണം കിട്ടും ഉറപ്പ്

കിളികുളം

രാമന്‍ ചേട്ടന്‍, കിളികുളം പരുവപ്പെടുത്തിയ ലളിതമായ വ്യക്തിത്വമാണ്. കള്ളുചെത്താന്‍   അറിയാം, ഒന്നാംതരം പാചകം അറിയാം............
കിളികുളം കള്ളുഷാപ്പ്, ഒരിക്കല്‍ രമണനും വാഴക്കുലയും പാടി കേട്ടിരുന്ന സ്ഥലമാണ്‌, പക്ഷെ ഇപ്പോഴത്തെ കള്ളുകുടിയന്മാര്‍ ബോറന്മാരണെന്നു    തോന്നുന്നു, നിശംബ്ദം ഒരു ഷാപ്പ്‌, മദ്യപാനം മാത്രം ................

കിളികുളം കവല, മഴുവന്നൂര്‍ അവസാനിക്കുകയാണിവിടെ. ഇവിടെ നിന്നും വടക്കോട്ട്‌ ഐരാപുരമാണ്.

Wednesday, April 9, 2008

Anjathi




അറിയുമല്ലോ...... നമ്മുടെ അഞ്ചാതി ആണ്
വടക്കേ മഴുവന്നൂരുകാരുടെ സ്വന്തം മന്ത്രവാദി 

വയസ് എത്രയാണെന്ന് കൃത്യം അറിയില്ല, നൂറിനു മുകളില്‍ ഉണ്ടാകും തീര്‍ച്ച.

ബ്ലാന്തെവര്‍ കവലയിലെ ഒഴിഞ്ഞ പറമ്പില്‍, മന്ത്രവാദത്തിലെ ഒരിനമായ കാട്ടിക്ക്രിയ നടത്താന്‍ വരുന്നത്   ഇപ്പോഴും  കാണാം
   


അഞ്ചാതി ജാതിയില്‍ പുലയനാണ്, എന്നിട്ടും മനുഷ്യരെ വിലയിരുത്തുന്നതില്‍ ജാതി ഒരു പ്രധാന ഘടകമായ മഴുവന്നൂരില്‍ ഒരു കഥാപാത്രമായി മാറാന്‍ അഞ്ചാതിക്ക് കഴിഞ്ഞു.നമ്മുടെ നാട്ടിലെ ഓരോരുത്തരും അഞ്ചാതിയുടെ കൂട്ടുകാര്‍ ആണ്, കുട്ടികള്‍ മുതല്‍ വയസന്മാര്‍ വരെ. ഏവരും അഞ്ചാതിക്ക് മനസില്‍ ഒരു ഇടം കൊടുത്തിട്ടുണ്ട്‌. എങ്ങിനെ ആയിരിക്കും അഞ്ചാതി ഇത് സാധ്യമാക്കിയത്?


ഒരു പക്ഷെ അദേഹത്തെ സഹായിച്ചത് അദേഹത്തിന്‍റെ  മന്ത്രവാദം ആകാം, ഒരു ചെറിയ പനി,കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചില്‍, ഉറ്റ ബന്ധുവോ തൊട്ടയല്‍വാസിയോ നമുക്കെതിരെ മാരണം നടത്തി എന്ന അറിവ്........ അപ്പോഴെല്ലാം നമുക്ക് അഞ്ചാതിയെ ആവശ്യമായി വരും.ഒരു ചരട് ഓതി കെട്ടാന്‍, ഉപ്പുകല്ല് ഉഴിഞ്ഞ് അടുപ്പിലെറിയാന്‍, മാരണം നടത്തിയവന്‍ നടക്കുന്ന വഴിയില്‍ ഒരു കോഴിമുട്ട കുഴിച്ചിടാന്‍ എല്ലാത്തിനും നാം അഞ്ചാതിയെ തിരക്കി ഇറങ്ങും.അങ്ങിനെ അഞ്ചാതി ഒരു സാമൂഹിക ആവശ്യവും സാമൂഹിക വരമ്പുകളുടെ വിടവിലൂടെ നൂണ്ട് കയറാന്‍ അനുവാദം ഉള്ളവനും ആവുകയായിരുന്നു.


പക്ഷെ ഇത് അഞ്ചാതിയുടെ, ഒരു വ്യക്തിപരമായ ഉയര്‍ച്ച ആയിരുന്നില്ല,
മറിച്ച് സമൂഹം അഞ്ചാതിയെ അതിന്‍റെ  ആവശ്യത്തിനു വേണ്ടി രൂപപ്പെടുത്തി എടുക്കുകയായിരുന്നു.പുലയന്‍ ആയിരുന്നിട്ടും മഴുവന്നൂരിലെ ഏതൊരു വീടിന്‍റെയുംയും പൂമുഖത്ത് ഇരുന്നു അഞ്ചാതിക്ക് മന്ത്രവാദം നടത്താമായിരുന്നു. (അതിനുള്ള സ്വാതന്ത്ര്യം അദേഹത്തിന് നല്‍കപ്പെട്ടിരുന്നു, ഓര്‍ക്കുക അദേഹം അത് മനപൂര്‍വം നേടി എടുത്തതല്ല)

അഞ്ചാതിയുടെ ഈ ജനസമ്മതി ഒരിക്കല്‍പോലും ഇടിഞ്ഞിട്ടില്ല. ഇതിനു കാരണം അഞ്ചാതി സാമൂഹിക അസമത്വത്തെയും ജാതീയ അസമത്വത്തെയും ഒരിക്കല്‍ പോലും ചോദ്യം ചെയ്തിട്ടില്ല എന്നുള്ളതാണ്. മഴുവന്നൂര്‍ ശക്തമായ ഒരു ജന്മിത്വമോ മറ്റോ നിലനിന്നിരുന്ന ഒരു പ്രദേശം ആയിരുന്നില്ല, ജാതി അടിസ്ഥാനത്തില്‍ ചില അധികാര രൂപങ്ങള്‍ ഉണ്ടായിരുന്നു എന്ന് മാത്രം. ഈ അധികാര രൂപങ്ങള്‍ മുന്നോട്ടു വച്ച സാമൂഹ്യ വ്യവസ്ഥയെ അഞ്ചാതി പൂര്‍ണമായി പിന്തുണച്ചിരുന്നു, വെറുതെ തോഴേണ്ടവരെ  വെറുതെ തൊഴുതും, താണ് തോഴേണ്ടവരെ താണ് തൊഴുതും അഞ്ചാതി ആ വ്യവസ്ഥിതിയോടുള്ള തന്‍റെ  കൂറ് ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത് കാണാം.(വ്യക്തിപരമായ ചില ചെറിയ ചെറിയ  ലാഭങ്ങള്‍ അദേഹം ഈ പ്രകടനം കൊണ്ട് നേടുകയും ചെയ്യുന്നുണ്ടാകാം !)
കാര്യങ്ങളും കാരണങ്ങളും എന്ത് തന്നെ ആയാലും മഴുവന്നൂരിന്‍റെ  സംസ്കാര പഠന പുസ്തകത്തില്‍ കുറച്ചു പേജുകള്‍ അഞ്ചാതിക്ക് വേണ്ടി ഉള്ളതായിരിക്കും, എന്നും. വരേണ്യ ഹിന്ദു മതത്തിന്‍റെ  തള്ളിക്കയറ്റത്തിനിടയിലും തന്‍റെ ദളിത്‌ ആരാധനാ രീതി നിലനിര്‍ത്തി വിജയിച്ചവന്‍ എന്നോ, സ്വന്തമായി ഒരു ആരാധനാ രീതി ഉണ്ടായിരുന്നിട്ടും നിലനില്‍പ്പിനു വേണ്ടി സാമൂഹിക അസമത്വങ്ങള്‍ക്കു മുന്നില്‍ പരാജയപ്പെട്ടു തൊഴുതു നിന്നവന്‍ എന്നോ നമുക്ക് അഞ്ചാതിയെ അടയാളപ്പെടുത്താം.

Sunday, March 23, 2008

മഴുവന്നൂര്‍

മഴുവന്നൂര്‍ എന്ന നാമം ഐതീഹ്യത്തിലെ ഒരു തിരിവാണ്. കേരളം സൃഷ്ടിക്കാന്‍ പരശുരാമന്‍ പണ്ടെറിഞ്ഞ മഴു തെക്കോട്ടുള്ള യാത്രയില്‍ താഴെ കടലില്‍ ഒന്നു തട്ടി തെറിച്ചു. ആ സ്ഥലമാണ്‌ മഴുവന്നൂര്‍.മഴു വന്ന ഊര്, മഴുവന്നൂര്‍.